Saturday, January 4, 2014

ആകാശത്ത്
ദൈവം തനിച്ചാണ് എന്നതിനുള്ള തെളിവുകൾ
അഥവാ
മഴക്കാലത്ത്‌
കുട്ടികൾ മുട്ടിപ്പായി പ്രാർത്ഥിക്കുന്നതിനുള്ള കാരണം

...................................


മേഘങ്ങൾക്കിടയിൽനിന്ന്
വീടിന്റെമുന്നിലെ പേരമരത്തിന്റെ
തുഞ്ചായത്തേക്ക്  ചാരിവച്ചിരുന്ന കോണി
ദൈവംതന്നെ എടുത്തുമാറ്റിക്കാണും,
ശൂന്യതയിൽ നിന്നുള്ള
പഴുത്ത പേരക്കകളുടെ വരവ്
നിന്നുപോയിരിക്കുന്നു...

പുളി,
ചാന്പ,
ലൂബി,
നെല്ലി,
കാര,
ഞാവൽ
ഇത്യാദി  മരങ്ങളുടെയെല്ലാം
തലക്കു മുകളിൽ
കട്ടകുത്തിനിന്നിരുന്ന 
വെളുത്ത മേഘക്കെട്ടുകൾ
ഇപ്പോൾ അവിടില്ല,
അവയിൽനിന്നെല്ലാം  താഴേക്ക്‌
ഒലിച്ചിറങ്ങിയിരുന്ന
കൂറ്റൻ  കോണിപ്പടികളും
മഞ്ഞുപോയിരിക്കുന്നു...

ഇത്ര പെട്ടന്ന്
ദൈവത്തിനു പിണക്കംവരാൻ
കാരണമെന്തായിരിക്കും?

ഇനി ആകാശത്തിന്റെ
മൂലയിലെങ്ങാനും പോയിരുന്ന്
ഞങ്ങളുടെ തലയിലേക്ക്
വട്ടംചുറ്റിച്ച്
മൂത്രമൊഴിക്കാതിരുന്നാൽ മതിയായിരുന്നു!

......................................

Monday, December 30, 2013


നിഴലുകൾ 

വന്നുപോകുന്ന

നഗരം 



വഴിവിളക്കിൻറെ
കണ്ണുചിമ്മാത്ത
മഞ്ഞലച്ചാർത്ത്
രാവിന്നു മുകളിൽ വീണ്
അലിഞ്ഞു ചേരുന്നു...
നിഴലുകൾ ഇരുപുറവും
നടന്നു പോകുന്നു
തങ്ങളെ തെളിക്കുന്ന
ഉടലുകൾക്കു പിന്നിലൂടെ
പറ്റമായി...
അത്രയേറെ  പശപ്പുണ്ട്
മണ്ണിന്  എങ്കിലും
ഒട്ടിനില്ക്കുന്നില്ല
ഒന്നും എവിടെയും....
ഉൾവഴികളാണ്
ഇനി നിറയെ,
അറിയില്ല
ഉടലുകളുടെ
ഉള്ളിലിരിപ്പെന്തെന്ന്!!

Monday, December 16, 2013



എത്ര 


എത്രകാലമായി
നിലാവുകണ്ടിട്ട്...
ഇവിടെയീ നഗരത്തിന്റെ
ഇത്തിരിപ്പോന്ന ജനലിലൂടെ
എത്ര നോക്കിയിട്ടും
കണ്ണിലെത്തുന്നില്ല
ആകാശം...

കത്ത് 


അടുക്കളയിലെ പാത്രങ്ങൾ എത്ര ശ്രമിച്ചാലും
നീ വെക്കുന്നതുപോലെ ആവില്ല.
എത്ര പ്രാവശ്യം തുടച്ചാലും പിന്നെയും വരിവരിയായി
ഉറുന്പു കൾ  പഞ്ചസാരപ്പാത്രം തേടിവരും.
വാതിലടച്ചോ, ടി വിയുടെ പിന്നിലെ സ്വിച്ച് ഓഫ്‌ ചെയ്തോ,
കിടക്ക കുടഞ്ഞുവിരിച്ചോ എന്നൊന്നും ഞാൻ നോക്കാറില്ല.
ചെരുപ്പ് രണ്ടും ഇപ്പോൾ വീടിനകത്തുതന്നെയാണ്.
പക്ഷെ, ഇത്രയധികം മാറാലകൾ ചുവരുകളിൽ
എങ്ങനെ ചിത്രംവരക്കുന്നുവെന്ന്
സത്യമായിട്ടും എനിക്കറിഞ്ഞുകൂടാ.
നോക്കിയാൽ അറിയാം ബാത്ത് റൂമിലെ
ലൈറ്റ് ഇപ്പോഴും കത്തുന്നുണ്ടാവും,
ഗ്യാസ് അടിയിൽ ഓഫ്‌ ചെയ്തിട്ടുണ്ടാവില്ല....
നിന്നോട് പറഞ്ഞില്ലന്നേയൊള്ളൂ
പാതിര കഴിഞ്ഞിട്ടും എനിക്കിന്നും ഉറക്കം വന്നില്ല...
പിന്നെ ഒരുകാര്യം കൂടി...,
കഴിക്കരുത് എന്ന് വിചരിച്ചിട്ടും
മരിയ*യിൽ നിന്ന് ഇന്നും കഴിച്ചത്
പൊറോട്ടതന്നെയായിരുന്നു.

എന്ന്,

നീ പോകുന്പോൾ
അലങ്കോലമാകുന്ന
സ്വന്തം
ഞാൻ !

***************




*ഹോട്ടൽ മരിയ


Followers

Blog Archive