Monday, June 20, 2011

തീവണ്ടിയുടെ 
രൂപ സാദൃശ്യങ്ങള്‍....

നാട്ടിന്‍പുറത്തെ 
ഒതുക്കിലും 
കുളവക്കിലും
ചൂളമടിച്ചു കാത്തു നില്‍ക്കാറുള്ള 
കാമുകന്‍ കുമാരേട്ടനോട് 

ഒരൊറ്റപ്പിരിയന്‍ കയറില്‍ 
നീണ്ടു നിവര്‍ന്ന്
മുന്നാക്കം പത്തും
പിന്നാക്കം പത്തും
ബാലന്‍സു തെറ്റിക്കാത്ത
വേലപ്പനാശാനോട് 

ഒട്ടിനില്‍ക്കുന്ന  ഇരുട്ടില്‍ 
മെഴുകുതിരി വെട്ടം തൂവി
ഞങ്ങള്‍ പിള്ളേരെ 
വരിതെറ്റാതെ 
പിന്നില്‍ നടത്തുന്ന  
വല്യേട്ടന്‍ മാപ്പിളയോട്

വംശവേരിലാരോ
എപ്പോഴോ
രണ്ടു പോത്തിനെ 
വളര്‍ത്തിയതിനു 
ഇപ്പോഴും 
പോത്ത് നായരെന്നു 
വിളിപ്പേരുള്ള 
പരമു നായരോട് ...

ഒക്കെ 
എന്നും രാത്രിമൂക്കുമ്പോള്‍ 
പാലം കടന്നു പോകുന്ന
തീവണ്ടിക്കു 
തോന്നുന്നുണ്ടാകും
രൂപസാദൃശ്യം.

Sunday, June 19, 2011

വെളിച്ചം

ഇരുട്ടൊരീയലിനെപ്പോലെ
പറന്നടുത്തീ-
യിത്തിരി ചിരാതില്‍
ഞാന്‍ കൊളുത്തിവെച്ച 
വെളിച്ചം കുടിച്ചു,
മരിച്ചു.

Followers

Blog Archive