Monday, December 30, 2013


നിഴലുകൾ 

വന്നുപോകുന്ന

നഗരം 



വഴിവിളക്കിൻറെ
കണ്ണുചിമ്മാത്ത
മഞ്ഞലച്ചാർത്ത്
രാവിന്നു മുകളിൽ വീണ്
അലിഞ്ഞു ചേരുന്നു...
നിഴലുകൾ ഇരുപുറവും
നടന്നു പോകുന്നു
തങ്ങളെ തെളിക്കുന്ന
ഉടലുകൾക്കു പിന്നിലൂടെ
പറ്റമായി...
അത്രയേറെ  പശപ്പുണ്ട്
മണ്ണിന്  എങ്കിലും
ഒട്ടിനില്ക്കുന്നില്ല
ഒന്നും എവിടെയും....
ഉൾവഴികളാണ്
ഇനി നിറയെ,
അറിയില്ല
ഉടലുകളുടെ
ഉള്ളിലിരിപ്പെന്തെന്ന്!!

Monday, December 16, 2013



എത്ര 


എത്രകാലമായി
നിലാവുകണ്ടിട്ട്...
ഇവിടെയീ നഗരത്തിന്റെ
ഇത്തിരിപ്പോന്ന ജനലിലൂടെ
എത്ര നോക്കിയിട്ടും
കണ്ണിലെത്തുന്നില്ല
ആകാശം...

കത്ത് 


അടുക്കളയിലെ പാത്രങ്ങൾ എത്ര ശ്രമിച്ചാലും
നീ വെക്കുന്നതുപോലെ ആവില്ല.
എത്ര പ്രാവശ്യം തുടച്ചാലും പിന്നെയും വരിവരിയായി
ഉറുന്പു കൾ  പഞ്ചസാരപ്പാത്രം തേടിവരും.
വാതിലടച്ചോ, ടി വിയുടെ പിന്നിലെ സ്വിച്ച് ഓഫ്‌ ചെയ്തോ,
കിടക്ക കുടഞ്ഞുവിരിച്ചോ എന്നൊന്നും ഞാൻ നോക്കാറില്ല.
ചെരുപ്പ് രണ്ടും ഇപ്പോൾ വീടിനകത്തുതന്നെയാണ്.
പക്ഷെ, ഇത്രയധികം മാറാലകൾ ചുവരുകളിൽ
എങ്ങനെ ചിത്രംവരക്കുന്നുവെന്ന്
സത്യമായിട്ടും എനിക്കറിഞ്ഞുകൂടാ.
നോക്കിയാൽ അറിയാം ബാത്ത് റൂമിലെ
ലൈറ്റ് ഇപ്പോഴും കത്തുന്നുണ്ടാവും,
ഗ്യാസ് അടിയിൽ ഓഫ്‌ ചെയ്തിട്ടുണ്ടാവില്ല....
നിന്നോട് പറഞ്ഞില്ലന്നേയൊള്ളൂ
പാതിര കഴിഞ്ഞിട്ടും എനിക്കിന്നും ഉറക്കം വന്നില്ല...
പിന്നെ ഒരുകാര്യം കൂടി...,
കഴിക്കരുത് എന്ന് വിചരിച്ചിട്ടും
മരിയ*യിൽ നിന്ന് ഇന്നും കഴിച്ചത്
പൊറോട്ടതന്നെയായിരുന്നു.

എന്ന്,

നീ പോകുന്പോൾ
അലങ്കോലമാകുന്ന
സ്വന്തം
ഞാൻ !

***************




*ഹോട്ടൽ മരിയ


Friday, December 13, 2013



ജ്ഞാനസ്നാനം 


കാലിറക്കുന്നില്ല
ആഴത്തിലേക്കീ-
ക്കരയിൽ നിന്നുമാത്രം
നീന്തിത്തുടിക്കുന്നു...
പഴയതായെങ്കിലും
അലക്കി വെളുപ്പിക്കാതെ,
ഒരു കീറ് നിലാവു-
വീണലിഞ്ഞു  നീലിച്ചൊരീ
കുളത്തിന്റെ കടവിൽ
ഇത്തിരിനേരം
തണുപ്പുകൊള്ളിച്ച്
മടക്കിവെയ്ക്കുന്നു
ഞാനെൻ
മനസിനെ... 

Followers

Blog Archive