Saturday, January 4, 2014

ആകാശത്ത്
ദൈവം തനിച്ചാണ് എന്നതിനുള്ള തെളിവുകൾ
അഥവാ
മഴക്കാലത്ത്‌
കുട്ടികൾ മുട്ടിപ്പായി പ്രാർത്ഥിക്കുന്നതിനുള്ള കാരണം

...................................


മേഘങ്ങൾക്കിടയിൽനിന്ന്
വീടിന്റെമുന്നിലെ പേരമരത്തിന്റെ
തുഞ്ചായത്തേക്ക്  ചാരിവച്ചിരുന്ന കോണി
ദൈവംതന്നെ എടുത്തുമാറ്റിക്കാണും,
ശൂന്യതയിൽ നിന്നുള്ള
പഴുത്ത പേരക്കകളുടെ വരവ്
നിന്നുപോയിരിക്കുന്നു...

പുളി,
ചാന്പ,
ലൂബി,
നെല്ലി,
കാര,
ഞാവൽ
ഇത്യാദി  മരങ്ങളുടെയെല്ലാം
തലക്കു മുകളിൽ
കട്ടകുത്തിനിന്നിരുന്ന 
വെളുത്ത മേഘക്കെട്ടുകൾ
ഇപ്പോൾ അവിടില്ല,
അവയിൽനിന്നെല്ലാം  താഴേക്ക്‌
ഒലിച്ചിറങ്ങിയിരുന്ന
കൂറ്റൻ  കോണിപ്പടികളും
മഞ്ഞുപോയിരിക്കുന്നു...

ഇത്ര പെട്ടന്ന്
ദൈവത്തിനു പിണക്കംവരാൻ
കാരണമെന്തായിരിക്കും?

ഇനി ആകാശത്തിന്റെ
മൂലയിലെങ്ങാനും പോയിരുന്ന്
ഞങ്ങളുടെ തലയിലേക്ക്
വട്ടംചുറ്റിച്ച്
മൂത്രമൊഴിക്കാതിരുന്നാൽ മതിയായിരുന്നു!

......................................

Monday, December 30, 2013


നിഴലുകൾ 

വന്നുപോകുന്ന

നഗരം 



വഴിവിളക്കിൻറെ
കണ്ണുചിമ്മാത്ത
മഞ്ഞലച്ചാർത്ത്
രാവിന്നു മുകളിൽ വീണ്
അലിഞ്ഞു ചേരുന്നു...
നിഴലുകൾ ഇരുപുറവും
നടന്നു പോകുന്നു
തങ്ങളെ തെളിക്കുന്ന
ഉടലുകൾക്കു പിന്നിലൂടെ
പറ്റമായി...
അത്രയേറെ  പശപ്പുണ്ട്
മണ്ണിന്  എങ്കിലും
ഒട്ടിനില്ക്കുന്നില്ല
ഒന്നും എവിടെയും....
ഉൾവഴികളാണ്
ഇനി നിറയെ,
അറിയില്ല
ഉടലുകളുടെ
ഉള്ളിലിരിപ്പെന്തെന്ന്!!

Monday, December 16, 2013



എത്ര 


എത്രകാലമായി
നിലാവുകണ്ടിട്ട്...
ഇവിടെയീ നഗരത്തിന്റെ
ഇത്തിരിപ്പോന്ന ജനലിലൂടെ
എത്ര നോക്കിയിട്ടും
കണ്ണിലെത്തുന്നില്ല
ആകാശം...

കത്ത് 


അടുക്കളയിലെ പാത്രങ്ങൾ എത്ര ശ്രമിച്ചാലും
നീ വെക്കുന്നതുപോലെ ആവില്ല.
എത്ര പ്രാവശ്യം തുടച്ചാലും പിന്നെയും വരിവരിയായി
ഉറുന്പു കൾ  പഞ്ചസാരപ്പാത്രം തേടിവരും.
വാതിലടച്ചോ, ടി വിയുടെ പിന്നിലെ സ്വിച്ച് ഓഫ്‌ ചെയ്തോ,
കിടക്ക കുടഞ്ഞുവിരിച്ചോ എന്നൊന്നും ഞാൻ നോക്കാറില്ല.
ചെരുപ്പ് രണ്ടും ഇപ്പോൾ വീടിനകത്തുതന്നെയാണ്.
പക്ഷെ, ഇത്രയധികം മാറാലകൾ ചുവരുകളിൽ
എങ്ങനെ ചിത്രംവരക്കുന്നുവെന്ന്
സത്യമായിട്ടും എനിക്കറിഞ്ഞുകൂടാ.
നോക്കിയാൽ അറിയാം ബാത്ത് റൂമിലെ
ലൈറ്റ് ഇപ്പോഴും കത്തുന്നുണ്ടാവും,
ഗ്യാസ് അടിയിൽ ഓഫ്‌ ചെയ്തിട്ടുണ്ടാവില്ല....
നിന്നോട് പറഞ്ഞില്ലന്നേയൊള്ളൂ
പാതിര കഴിഞ്ഞിട്ടും എനിക്കിന്നും ഉറക്കം വന്നില്ല...
പിന്നെ ഒരുകാര്യം കൂടി...,
കഴിക്കരുത് എന്ന് വിചരിച്ചിട്ടും
മരിയ*യിൽ നിന്ന് ഇന്നും കഴിച്ചത്
പൊറോട്ടതന്നെയായിരുന്നു.

എന്ന്,

നീ പോകുന്പോൾ
അലങ്കോലമാകുന്ന
സ്വന്തം
ഞാൻ !

***************




*ഹോട്ടൽ മരിയ


Friday, December 13, 2013



ജ്ഞാനസ്നാനം 


കാലിറക്കുന്നില്ല
ആഴത്തിലേക്കീ-
ക്കരയിൽ നിന്നുമാത്രം
നീന്തിത്തുടിക്കുന്നു...
പഴയതായെങ്കിലും
അലക്കി വെളുപ്പിക്കാതെ,
ഒരു കീറ് നിലാവു-
വീണലിഞ്ഞു  നീലിച്ചൊരീ
കുളത്തിന്റെ കടവിൽ
ഇത്തിരിനേരം
തണുപ്പുകൊള്ളിച്ച്
മടക്കിവെയ്ക്കുന്നു
ഞാനെൻ
മനസിനെ... 

Friday, August 30, 2013



കോടാലി 

ഒരു മരവും
ആത്മഹത്യ ചെയ്തിട്ടില്ല
ഇതേവരെ ഈ ഭൂമിയിൽ. 

Saturday, September 1, 2012




പറന്നു പോകാം നമുക്കീ
പകലിന്‍റെ  കൊമ്പില്‍ നിന്നും 
ഒരു കാറ്റില്‍,
ഒരു  കിനാവിന്‍റെ
കൈകള്‍ കോര്‍ത്തലിഞ്ഞുതീരാം
പിന്നെയൊരു 
രാവിന്‍റെ കടലില്‍...






Wednesday, August 22, 2012




എന്റെ വാക്കുനീട്ടുമ്പോള്‍
നിന്റെ വാക്കില്‍ -
ത്തൊടുന്നത്രയും
ചെറിയതായീ  ലോകം...  


Sunday, July 8, 2012

ഓര്‍മ്മകളില്‍  ഇനിയും 
മരിച്ചുതീരാത്തവര്‍ !

ഒരുപാട് വട്ടം പരാതി പറഞ്ഞവര്‍ 
പിരിഞ്ഞു പോയവര്‍,
പിന്നെയും നിലാവിന്‍റെ
നേര്‍ത്ത പുള്ളിക്കുത്തുകളില്‍
മുഖം ചേര്‍ത്ത് ഉറങ്ങാതിരുന്നവര്‍,
പറയാതെ പിന്നെ
രണ്ടു തളിരിലകള്‍ക്ക് നടുവില്‍ 
ഒരു  പൂവായി വിരിഞ്ഞവര്‍,
ഒരു കോപ്പയില്‍ രാത്രിയുടെ
ലഹരിയായ് നുരഞ്ഞവര്‍,
തെരുവിലെ തീവിളക്കുപോല്‍
ഒരു കാറ്റിലണഞ്ഞു പോയവര്‍,
നമ്മള്‍,  
ഓര്‍മ്മകളില്‍  ഇനിയും 
മരിച്ചുതീരാത്തവര്‍... 


Monday, July 2, 2012

 

പേടി 

പണ്ടൊക്കെ 
അച്ഛന്റെ കണ്ണൊന്ന്  ചോക്കുമ്പോള്‍
എന്റെ പെരുവിരലിന്റെ 
തുമ്പത്തുവന്ന്
ഉറഞ്ഞുതുള്ളാറുള്ള
പൂമ്പാറ്റക്കുട്ടങ്ങള്‍  ....!

Monday, June 4, 2012




നിറം 
എത്ര വെയിലത്തിട്ടിട്ടും 
നിറം മങ്ങുന്നില്ലല്ലോ 
ഓര്‍മ്മകള്‍ക്ക്.


സ്വപ്നം

ഒറ്റ കടലാസില്‍ 
തീരുന്നതല്ലല്ലോ 
ഒരു സ്വപ്നത്തിന്റെയും 
വിവര്‍ത്തനം.


നായ 

പേടികൊണ്ടല്ലേ
കെട്ടിയിട്ടത്   ഞാന്‍...!
സ്നേഹം കൊണ്ടാണോ 
വാലാട്ടി നിന്നത് നീ....?

Wednesday, October 26, 2011


മൂന്ന്
ബുധനാഴ്ച  കവിതകള്‍

 1 
എവിടെ തൊട്ടാണ്
ആ  പൂവ് വിടര്‍ത്തുന്നത് ?
ഉള്ളിന്‍റെ ഉള്ളിന്‍റെ ഉള്ളില്‍ 
മൊട്ടായിനില്‍ക്കുന്ന പൂവ് 
അലിഞ്ഞലിഞ്ഞു തീര്‍ന്നു  പോകുന്നതുകൊണ്ട്‌ 
പലപ്പോഴും  തിരിച്ചറിയാറില്ല ഞാന്‍
നീ തൊടുന്ന ഇടങ്ങള്‍.

2 
എനിക്കീ 
ആള്‍ക്കുട്ടത്തില്‍
ഇല്ലാണ്ടാവണം.

നിങ്ങളെല്ലാരും 
എന്നെത്തന്നെ 
നോക്കികൊണ്ടിരുന്നാല്‍ 
എങ്ങനെ?

3 
 
പൊത്തോന്നു വീണു 
കിടക്കേന്നു നിലത്തേക്ക് 
പൊത്തോന്നു വീണില്ല  പക്ഷെ 
നിലത്തുന്നു ഉറക്കത്തിലേക്ക്
പോട്ടെന്നുവച്ചു ഞാന്‍
സ്വപ്നങ്ങളെ 
പക്ഷെ 
പോട്ടെന്നുവയ്ക്കില്ല  
അവറ്റകള്‍  എന്നെ.


Wednesday, September 7, 2011

ഒളിച്ചേ 
കണ്ടേ

എന്നെ ഞാന്‍
കണ്ടെടുത്തത് 
നിന്നില്‍ നിന്നായിരുന്നു.

എന്നെ ഞാന്‍
മറന്നുവെച്ചത് 
നിന്നിലായിരുന്നല്ലോ...

Tuesday, September 6, 2011


നിറങ്ങളേ,
നിലാവിന്‍റെ
തൂവല്‍ കരങ്ങളേ...
കാറ്റിന്‍റെ
കയ്യെത്തും ദൂരത്തെ
കുളിരേ,
കിനാക്കളേ,
മഴ നനഞ്ഞപ്പോള്‍
പറയാഞ്ഞതെന്തേ 
ഒരുവാക്ക് ...?
മറവികള്‍ 
ഓര്‍മ്മകളാവാന്‍ 
മറഞ്ഞിരിപ്പുണ്ടായിരുന്നു
മാനത്തിന്‍റെ
കടവിലെന്ന്...



Monday, July 25, 2011

കുളി മുറിയിലെ 
കണ്ണാടി 

ഉടലുകളായ
ഉടലുകളെ...
നിങ്ങള്‍ 
ഉടലോടെ 
സ്വര്‍ഗത്തില്‍ പോയി 
തിരികെ വരുന്ന 
ചതുര വടിവുള്ള 
പളുങ്ക് വാതില്‍ 
ഞാന്‍ ഇന്നലെ 
ആരാരും കാണാതെ 
ഒളിഞ്ഞു കണ്ടു!

Monday, June 20, 2011

തീവണ്ടിയുടെ 
രൂപ സാദൃശ്യങ്ങള്‍....

നാട്ടിന്‍പുറത്തെ 
ഒതുക്കിലും 
കുളവക്കിലും
ചൂളമടിച്ചു കാത്തു നില്‍ക്കാറുള്ള 
കാമുകന്‍ കുമാരേട്ടനോട് 

ഒരൊറ്റപ്പിരിയന്‍ കയറില്‍ 
നീണ്ടു നിവര്‍ന്ന്
മുന്നാക്കം പത്തും
പിന്നാക്കം പത്തും
ബാലന്‍സു തെറ്റിക്കാത്ത
വേലപ്പനാശാനോട് 

ഒട്ടിനില്‍ക്കുന്ന  ഇരുട്ടില്‍ 
മെഴുകുതിരി വെട്ടം തൂവി
ഞങ്ങള്‍ പിള്ളേരെ 
വരിതെറ്റാതെ 
പിന്നില്‍ നടത്തുന്ന  
വല്യേട്ടന്‍ മാപ്പിളയോട്

വംശവേരിലാരോ
എപ്പോഴോ
രണ്ടു പോത്തിനെ 
വളര്‍ത്തിയതിനു 
ഇപ്പോഴും 
പോത്ത് നായരെന്നു 
വിളിപ്പേരുള്ള 
പരമു നായരോട് ...

ഒക്കെ 
എന്നും രാത്രിമൂക്കുമ്പോള്‍ 
പാലം കടന്നു പോകുന്ന
തീവണ്ടിക്കു 
തോന്നുന്നുണ്ടാകും
രൂപസാദൃശ്യം.

Sunday, June 19, 2011

വെളിച്ചം

ഇരുട്ടൊരീയലിനെപ്പോലെ
പറന്നടുത്തീ-
യിത്തിരി ചിരാതില്‍
ഞാന്‍ കൊളുത്തിവെച്ച 
വെളിച്ചം കുടിച്ചു,
മരിച്ചു.

Saturday, April 23, 2011


തിടുക്കം

ഒരാകാശമുണ്ട്
മുകളില്‍   
 നിറയെ നക്ഷത്രങ്ങളും, 

കാറ്റും  കുളിരും
കൂടുകെട്ടുന്ന  
രാത്രിയുണ്ട് 
താഴെ ,

നീയുണ്ട്   
ഞാനുണ്ട് 
ഓര്‍മ്മകളുണ്ട്‌ ,


 ഇടയില്‍ 
ഒരു നുള്ള്
സ്നേഹം നനച്ച്‌
നാം ചുട്ടെടുക്കുന്ന  
ചെറിയ സ്വപ്നങ്ങളുടെ
 ചൂട് ...

സ്വല്‍പ്പം
പുളി കുറവുണ്ടെങ്കിലും 
പിണങ്ങേണ്ട.....
....പതിവിലും നന്നായി 
ഇന്ന്
നീവെച്ച
മീന്‍കറി!



Monday, February 14, 2011



ഓരോരോ തോന്നലുകള്‍

രാത്രിക്ക്
നീളം കുറഞ്ഞു 
പോയെന്നു തോന്നി,
അഴിച്ചെടുത്ത്‌ 
അലക്കി വെളുപ്പിച്ച്
പുഴക്കരയില്‍ 
ഉണക്കാനിട്ടു നോക്കുമ്പോള്‍... 
വെയിലിന്.



Friday, February 11, 2011


ഫേസ് ബുക്കില്‍,  
ഫെബ്രുവരി 14 ന്‌.

'മാറ്റിയിട്ടില്ല ഇപ്പോഴും...
എന്‍റെ ഹൃദയം തുറന്നു നോക്കുവാനുള്ള
ആ  പഴയ  പാസ് വേഡ്'

എന്നു  മാത്രം,
മറന്നു പോയെങ്കില്‍
നിന്‍റെ ചുവരില്‍
ഒരു വട്ടം കൂടി
ഞാന്‍  എഴുതിയിടാം...



Followers

Blog Archive